Wednesday 7 August 2019

എൻറെ അനിയത്തികുട്ടിയ്ക്ക്


എന്നേക്കാൾ ഒന്നര വയസ്സിനു ഇളയത് ആയിട്ടും കൂടി എന്‍റെ വാശികൾ കുഞ്ഞിലേ സമ്മതിച്ചു തന്നതിന്...
സംസാരിക്കുന്നതിനേക്കാൾ കൂടുതൽ വഴക്കു കൂടിയതിനു...
ഒടുവിൽ അച്ഛൻ പിടിച്ചു രണ്ടു പൊട്ടിക്കുമ്പോൾ വഴക്കു മറന്നു ആ വലിയ ഉണ്ടക്കണ്ണുകൾ എനിക്ക് വേണ്ടി നിറയ്ക്കുന്നതിനു...
കലോത്സവ വേദികളിൽ എന്‍റെ ഒപ്പം കൂടിയ ഹൃദയമിടിപ്പുമായ് കൂട്ടിരുന്നതിനു...
എന്‍റെ വഴിവിട്ട ചിന്തകളെ തളച്ചു നിർത്താൻ ശ്രമിച്ചതിന്...
എന്‍റെ കള്ളത്തരങ്ങൾ ഞാൻ ചിന്തിക്കാൻ തുടങ്ങും മുൻപ് കണ്ടു പിടിക്കുന്നതിനു...
എന്‍റെ പക്വതയില്ലായ്മ ഒന്ന് കൊണ്ട് മാത്രം ഒരുപാട് പക്വമായി പെരുമാറുന്നതിനു...
നിറത്തിന്റെ പേരിൽ കളിയാക്കലുകൾ കേട്ടപ്പോഴൊക്കെ ...കുഞ്ഞേച്ചി നല്ല്യാ ...എന്ന് പറഞ്ഞതിന്...
പറ്റിക്കപ്പെടാതിരിക്കാൻ   എനിക്കും ചുറ്റും തീർത്ത സംരക്ഷണത്തിന്...
എവിടെയും രണ്ടാം സ്ഥാനക്കാരിയായി മാറി നിന്ന് തന്നതിന്...
എഴുതാൻ തുടങ്ങ്യപ്പോൾ മനോഹരമായ ഭാഷാ ശൈലി കൊണ്ട് സഹൃദയരെ കൈയ്യിലെടുത്തതിന് ...
നാട്ടിലെ അമ്പലത്തിലൊന്നു പോയി വന്നാൽ പോലും ക്ഷീണിച്ചു കിടക്കുന്ന ആൾ ഇടുക്കിയിൽ പോയി എം ടെക് എടുത്ത് ഞെട്ടിച്ചതിനു ...
എന്നെക്കാൾ കൂടുതൽ എന്‍റെ ഉയർച്ചകൾ സ്വപ്നം കണ്ടതിനു...
എന്‍റെ ജീവിതത്തിലെ നന്മകൾക്കു വേണ്ടി പ്രാർത്ഥിച്ചതിനു...
എന്‍റെ മോനെ ഒൻപത് മാസവും എന്നോടൊപ്പം മനസ്സിൽ പേറിയതിനു...
ഞാനവനെ കുറിച്ച് കാണുന്ന സ്വപ്നങ്ങൽക്ക് നല്ല കേൾ വിക്കാരിയായതിനു...
അവന്‍റെ കുഞ്ഞിക്കാൽ ഒന്ന് കാണാൻ നോറ്റിരുന്നതിനു...
അവനു വേണ്ടി കരഞ്ഞതിന്...
ഏറെ ഹൃദ്യമായി ഒരാളെ സ്നേഹിച്ചു സ്വന്തമാക്കിയതിന്...
എന്നെക്കാൾ ഏറെ വീട്ടുകാരെ സ്നേഹിക്കുന്നതിനു.... മനസ്സിലാക്കുന്നതിനു അവരോട് പിണങ്ങുന്നതിനു...
ഒരു നല്ല വീട്ടുകാരിയാവാൻ ശ്രമിക്കുന്നതിനു...

ഒരു കുഞ്ഞി കള്ളൻറെ 'അമ്മ കുട്ടി ആയതിനു ....

സൗദിയിലെ ചൂടിലും...മാറി വരുന്ന തണുപ്പിലും നാട്ടിലെ പച്ചപ്പിനെ ഓർത്തു ഗൃഹാതുരയാവുന്നതിനു  ...
പിറന്നാൾ ദിവസങ്ങളിൽ  ഒ രുപാട് നിഷ്കളങ്കമായി എന്നോട്ചോദിക്കുന്നതിനു .."അച്ഛന്റെ പിറന്നാളിനും അരുണേട്ടന്റെ പിറന്നാളിനും ഒക്കെ കുഞ്ഞേച്ചി പോസ്റ്റ് ഇടൂല്ലോ...അപ്പൊ എന്റെതിനും ഇടുമാ യിരിക്കും അല്ലെ...നല്ല ഫോട്ടോ ഇടനേ.."


കണ്ണൻറെ "happy birthday ചെറിയമ്മ " കേൾക്കാൻ മാത്രം പിറന്നാൾ ദിനത്തിൽ ആറ്റുനോറ്റു  കാത്തിരിക്കുന്നതിനു...

എല്ലാറ്റിലും ഉപരി നന്മയുള്ളൊരു മനസ്സ് കാത്തു സൂക്ഷിക്കുന്നതിന് ...മഞ്ഞിൽ കുളിർ ന്ന ....മഴയിൽ പൊതിഞ്ഞ ആശംസകൾ ...കൂടാതെ  നന്മകളും ...

(അവളുടെ പിറന്നാൾ ദിനത്തിൽ{ ഒക്ടോബർ 22 }നു എഴുതിയത് )

മഴയെടുക്കാതെ പോയ ചിലത്...




ഒരു നല്ല മഴയോർമ തിരക്കി ഇറങ്ങിയത് ആണ് ഞാൻ. നിങ്ങൾക്ക് എന്നോട് പറയാൻ നല്ലൊരു മഴ ഓർമ ഉണ്ടോ? സത്യം പറഞ്ഞാൽ മഴയോട് എനിക്കെന്തോ വല്ലാത്ത ഒരു പ്രണയം ഒന്നും ഒരിക്കലും തോന്നിയിട്ടില്ല. മഴ നനയാൻ ഇഷ്ടമില്ലാത്ത...നനുത്തൊരു പുതപ്പിനടിയിൽ മഴതാളം കേട്ടുകൊണ്ട് കിടക്കാൻ മാത്രം ഇഷ്ടമുള്ള എന്നെ മാത്രമേ എനിക്ക് ഓർമ ഉള്ളു.അതും  മഴയോട് ഉള്ള ഇഷ്ടം തന്നെ അല്ലെ എന്നാണെങ്കിൽ ...അത്ര വലിയ ഇഷ്ടം ഒന്നും അല്ല എന്ന് തന്നെ ഞാൻ പറയും..മേടചൂടിൽ ജനിച്ചത് കൊണ്ടാവും എനിക്കും മഴയ്ക്കും ഇടയിൽ എപ്പോഴും ഒരു ജനലിന്റെ അകലം ഉണ്ടായിരുന്നു. ഇപ്പോഴും ആ അകലം അങ്ങനെ തന്നെ ഉണ്ട്. അതങ്ങിനെ ഇരിക്കട്ടെ ... ഇനി മഴയോർമയിലേക്ക് പോയാൽ...

ഒരു ഇടവപ്പാതി യിൽ ആണ് എന്റെ എല്ലാം എല്ലാം ആയിരുന്ന അച്ഛമ്മ എന്നെ വിട്ടു പോയത്...അതുകൊണ്ട് തന്നെ ഓരോ മഴയും എനിക്ക് ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ പതിനഞ്ചുകാരിയെ കുറിച്ചുള്ള ഓർമപെടുത്തൽ ആണ്. എന്റെ എല്ലാ കുറവുകളും തീരുന്ന, തീർക്കുന്ന, അപകർഷതാ ബോധത്തിൽ നിന്നു
 എനിക്ക് ഒളിച്ചോടാൻ ഉള്ള...വയറിന്റെ ചൂടിൽ ചുരുണ്ടുകൂടി പിന്നെയും പിന്നെയും ഒരു വയസ്സുകാരി ആവാൻ  ഞാൻ കണ്ടെത്തിയ ഏറ്റവും സുരക്ഷിതമായ ഇടം ആണ് ഒരു മഴക്കാല വൈകുന്നേരത്തിൽ ഹൃദയ സ്തംഭനത്തിന്റെ പേരിൽ ഇല്ലാതെ ആയത്. അന്നത്തെ ആ മഴയ്ക്കപ്പുറം ഞാൻ ജീവിക്കുമോ എന്നു പോലും അറിയാതെ പോയ നിമിഷങ്ങൾ....


നമ്മൾ എല്ലാം അതിജീവിക്കും എന്നു ഞാൻ പഠിച്ചു തുടങ്ങിയെങ്കിലും;  എന്റെ നഷ്ടത്തിന് പകരം വെയ്ക്കാൻ ഒരിടം...എനിക്ക് എന്നെ കണ്ടെത്താൻ പറ്റിയേക്കും എന്നു  തോന്നിക്കുക എങ്കിലും ചെയ്തേക്കുന്ന ഒരിടത്തിനായി ഞാൻ നടത്തിയ ശ്രമങ്ങൾ എല്ലാം വിഫലം ആയിരുന്നു. പിന്നെയും കടന്നു പോയ മഴകാലങ്ങൾ ഒന്നും എനിക്ക് ഒരു കൂട്ടും തന്നില്ല. ഒരു മകര മഞ്ഞിന്റെ കുളിരിൽ ആണ് ഞാൻ സുമംഗലി ആയത് ...ഒരു വൃശ്ചിക തണുപ്പിൽ ആണ് ഞാൻ 'അമ്മ ആയത്. അപ്പോഴും മഴ അങ്ങിനെ ഒരു അകലത്തിൽ തന്നെ.
പിന്നെ കഴിഞ്ഞ വർഷം എന്നെ ചേച്ചിയമ്മ ആക്കി ഒരു മിഥുനമാസ മഴ വന്നു. ഞാനും മഴയും പതുക്കെ കൂട്ടു കൂടാൻ തുടങ്യോ എന്നു ഞാൻ സംശയിച്ചതേ ഉള്ളു തുടങ്ങിയില്ലേ കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രളയം. ഇഷ്ടം കൂടൽ പതുക്കെ ഒരുപാട് ജീവനുകൾ എടുത്ത ആ മഴവെള്ളപ്പാച്ചിലിൽ ഒഴുകി പോയി. 

വടക്കൻ ജില്ലകളിൽ റെഡ് അലർട്ടും കടലോര മേഖലകളിൽ ഓറഞ്ച് അലർട്ടും ഒക്കെ ആയി മഴ അങ്ങനെ പരിഭവങ്ങളുടെ കെട്ടഴിക്കുകയാണ് പുറത്തു...ജനലിനിപ്പുറം കുഞ്ഞിനെ ചേർത്തു കിടത്തി പുതപ്പിനടിയിൽ മൊബൈലിൽ ടൈപ്പ് ചെയ്യുമ്പോ ഒരു വിങ്ങൽ...വലിയ ഇഷ്ടം ഒന്നും അല്ല ഈ മഴയെ എന്നു ആവർത്തിച്ചു ആവർത്തിച്ചു പറയുമ്പോഴും സ്വയം ചോദിച്ചു പോവുകയാണ്. എന്ത് അർഹതയാണ്  ഒരു മഴത്തുള്ളി എങ്കിലും കിട്ടാൻ നമുക്ക് ഉള്ളത്...ഈയിടെ നമ്മൾ എന്താണ് നമ്മുടെ ഭൂമിക്ക് വേണ്ടി ചെയ്തിട്ടുള്ളത്.

ഒരു തുള്ളി തെളിനീര്‌ പോലും ഭൂമിയുടെ തൊണ്ട നനയ്ക്കാതിരിക്കാൻ പ്ലാസ്റ്റിക്  മാലിന്യങ്ങൾ കൊണ്ട് പാളികൾ ഉണ്ടാക്കി...കിണർ കുത്തി വെള്ളം കിട്ടാനില്ലെന്നു പറഞ്ഞു വിലപിച്ചു ഭൂമിയിൽ അവശേഷിച്ച വെള്ളം കൂടി കുഴൽക്കിണറിലൂടെ വലിച്ചെടുത്തു...നിലം ഇന്റർലോക്കു ചെയ്യാൻ ഉണ്ടായിരുന്ന പുല്ലും ചെടിയും മരവും വെട്ടി നീക്കി....കടുത്ത വേനലിൽ തണലിനു വേണ്ടി കരഞ്ഞു..മഴ വൈകിയപ്പോൾ മഴയെ ശകാരിചും, മഴ വന്നപ്പോൾ മഴയെ ശപിച്ചും... ഒരു തുള്ളി വെള്ളം പോലും നാളേക്കായി കാത്തു വയ്ക്കാതെ നമ്മൾ ഇങ്ങനെ വളരാൻ തുടങ്ങിയ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിക്കായി പണം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.

നാളെ അവനു കുടിക്കാൻ ദാഹജലമോ, കഴിക്കാൻ വിഷം തീണ്ടാത്ത പച്ചക്കറി കളോ എന്തിനേറെ ശ്വസിക്കാൻ നല്ല വായുവോ ബാക്കി വയ്ക്കാതെ പരിസ്ഥിതിക്ക് കൂടുതൽ ദോഷം ചെയ്തുന്ന ശീതീകരിച്ച മുറികളിൽ നാളെയെക്കുറിച് സെമിനാറുകൾ നടത്തുന്നു. എന്നിട്ടും ഒന്നോ രണ്ടോ നാൾ അങ്ങോ ട്ടൊ ഇങ്ങോട്ടോ മാറിയാലും എല്ലാ ഇടവത്തിലും..മിഥുനത്തിലും കർക്കിടകത്തിലും തുലാത്തിലും മഴ നിറഞ്ഞു പെയ്യുന്നു. പിന്നെ പെയ്യുന്നതിന്റെ തീവ്രത !...നിങ്ങൾക്കും തോന്നാറില്ലേ മനസ്സു കനത്തു വിങ്ങി നിൽക്കുമ്പോൾ ആർത്തലച്ചു ഒന്നു കരയണം എന്നു!!.

photo credit : Google