Wednesday 7 August 2019

എൻറെ അനിയത്തികുട്ടിയ്ക്ക്


എന്നേക്കാൾ ഒന്നര വയസ്സിനു ഇളയത് ആയിട്ടും കൂടി എന്‍റെ വാശികൾ കുഞ്ഞിലേ സമ്മതിച്ചു തന്നതിന്...
സംസാരിക്കുന്നതിനേക്കാൾ കൂടുതൽ വഴക്കു കൂടിയതിനു...
ഒടുവിൽ അച്ഛൻ പിടിച്ചു രണ്ടു പൊട്ടിക്കുമ്പോൾ വഴക്കു മറന്നു ആ വലിയ ഉണ്ടക്കണ്ണുകൾ എനിക്ക് വേണ്ടി നിറയ്ക്കുന്നതിനു...
കലോത്സവ വേദികളിൽ എന്‍റെ ഒപ്പം കൂടിയ ഹൃദയമിടിപ്പുമായ് കൂട്ടിരുന്നതിനു...
എന്‍റെ വഴിവിട്ട ചിന്തകളെ തളച്ചു നിർത്താൻ ശ്രമിച്ചതിന്...
എന്‍റെ കള്ളത്തരങ്ങൾ ഞാൻ ചിന്തിക്കാൻ തുടങ്ങും മുൻപ് കണ്ടു പിടിക്കുന്നതിനു...
എന്‍റെ പക്വതയില്ലായ്മ ഒന്ന് കൊണ്ട് മാത്രം ഒരുപാട് പക്വമായി പെരുമാറുന്നതിനു...
നിറത്തിന്റെ പേരിൽ കളിയാക്കലുകൾ കേട്ടപ്പോഴൊക്കെ ...കുഞ്ഞേച്ചി നല്ല്യാ ...എന്ന് പറഞ്ഞതിന്...
പറ്റിക്കപ്പെടാതിരിക്കാൻ   എനിക്കും ചുറ്റും തീർത്ത സംരക്ഷണത്തിന്...
എവിടെയും രണ്ടാം സ്ഥാനക്കാരിയായി മാറി നിന്ന് തന്നതിന്...
എഴുതാൻ തുടങ്ങ്യപ്പോൾ മനോഹരമായ ഭാഷാ ശൈലി കൊണ്ട് സഹൃദയരെ കൈയ്യിലെടുത്തതിന് ...
നാട്ടിലെ അമ്പലത്തിലൊന്നു പോയി വന്നാൽ പോലും ക്ഷീണിച്ചു കിടക്കുന്ന ആൾ ഇടുക്കിയിൽ പോയി എം ടെക് എടുത്ത് ഞെട്ടിച്ചതിനു ...
എന്നെക്കാൾ കൂടുതൽ എന്‍റെ ഉയർച്ചകൾ സ്വപ്നം കണ്ടതിനു...
എന്‍റെ ജീവിതത്തിലെ നന്മകൾക്കു വേണ്ടി പ്രാർത്ഥിച്ചതിനു...
എന്‍റെ മോനെ ഒൻപത് മാസവും എന്നോടൊപ്പം മനസ്സിൽ പേറിയതിനു...
ഞാനവനെ കുറിച്ച് കാണുന്ന സ്വപ്നങ്ങൽക്ക് നല്ല കേൾ വിക്കാരിയായതിനു...
അവന്‍റെ കുഞ്ഞിക്കാൽ ഒന്ന് കാണാൻ നോറ്റിരുന്നതിനു...
അവനു വേണ്ടി കരഞ്ഞതിന്...
ഏറെ ഹൃദ്യമായി ഒരാളെ സ്നേഹിച്ചു സ്വന്തമാക്കിയതിന്...
എന്നെക്കാൾ ഏറെ വീട്ടുകാരെ സ്നേഹിക്കുന്നതിനു.... മനസ്സിലാക്കുന്നതിനു അവരോട് പിണങ്ങുന്നതിനു...
ഒരു നല്ല വീട്ടുകാരിയാവാൻ ശ്രമിക്കുന്നതിനു...

ഒരു കുഞ്ഞി കള്ളൻറെ 'അമ്മ കുട്ടി ആയതിനു ....

സൗദിയിലെ ചൂടിലും...മാറി വരുന്ന തണുപ്പിലും നാട്ടിലെ പച്ചപ്പിനെ ഓർത്തു ഗൃഹാതുരയാവുന്നതിനു  ...
പിറന്നാൾ ദിവസങ്ങളിൽ  ഒ രുപാട് നിഷ്കളങ്കമായി എന്നോട്ചോദിക്കുന്നതിനു .."അച്ഛന്റെ പിറന്നാളിനും അരുണേട്ടന്റെ പിറന്നാളിനും ഒക്കെ കുഞ്ഞേച്ചി പോസ്റ്റ് ഇടൂല്ലോ...അപ്പൊ എന്റെതിനും ഇടുമാ യിരിക്കും അല്ലെ...നല്ല ഫോട്ടോ ഇടനേ.."


കണ്ണൻറെ "happy birthday ചെറിയമ്മ " കേൾക്കാൻ മാത്രം പിറന്നാൾ ദിനത്തിൽ ആറ്റുനോറ്റു  കാത്തിരിക്കുന്നതിനു...

എല്ലാറ്റിലും ഉപരി നന്മയുള്ളൊരു മനസ്സ് കാത്തു സൂക്ഷിക്കുന്നതിന് ...മഞ്ഞിൽ കുളിർ ന്ന ....മഴയിൽ പൊതിഞ്ഞ ആശംസകൾ ...കൂടാതെ  നന്മകളും ...

(അവളുടെ പിറന്നാൾ ദിനത്തിൽ{ ഒക്ടോബർ 22 }നു എഴുതിയത് )

No comments:

Post a Comment